Friday, January 20, 2017

ഒരു നാടോടി കുട്ടി കഥ



മെട്രോ ഓടി തുടങ്ങിയപ്പോഴേക്കും സ്റ്റേഷനു അടുത്ത് വഴിവാണിഭക്കാർ കൂടാൻ തുടങ്ങിയിരിക്കുന്നു.
  ആറു വയസുള്ള കുട്ടിയും, അച്ഛനും, അമ്മയും...അവർ മഴ കൊണ്ട് കൊണ്ട് കുടയും ,വെയില് കൊണ്ട് തൊപ്പിയും, മറ്റു സമയങ്ങളിൽ കളിപ്പാട്ടങ്ങളും സിഗ്നലിൽ വിററ് വരികയാണ്‌. അമ്മയുടെ ഒക്കത്ത് ഇരുന്നു വിശപ്പും ദാഹവും അറിയാതെ നഗരം ചുറ്റാൻ അവനു വലിയ ഇഷ്ടമാണ്. ഉത്തരേന്ത്യയിൽ നിന്നുള്ള ലക്ഷ്യമില്ലാത്ത യാത്രക്കിടയിൽ എപ്പോഴോ ആണവന്‍ ജനിച്ചത്‌.
ദൈവത്തിനു കുട്ട്യോട്‌ അസൂയ ആയിരുന്നു.അത് കൊണ്ട് ലോകത്തെ കാണാനും കേള്ക്കാനും മാത്രമുള്ള കഴിവ് കൊടുത്തു. അവൻ ലോകത്തോട്‌ ഒന്നും പറയരുത് എന്ന് ആള്ക്ക് നല്ല നിശ്ചയം ഉണ്ടെന്നു തോന്നുന്നു!
സമൂഹത്തിനു, നാടോടികൾ കള്ളന്മാരും പിടിച്ചുപരിക്കാരും ആണെങ്കിലും അവന്റെ അച്ഛൻ അങ്ങനെ ആയിരുന്നില്ല. അയാള് തിരക്ക് പിടിച്ച നഗരത്തിൽ 100 ഓ 200 ഓ രൂപയ്ക്ക് അറവുശാലകളും ഓടകളും വൃത്തി ആക്കുവാൻ പോകാറുണ്ട്.
കുട്ടിക്ക് മുഷിഞ്ഞ പേപ്പറിൽ പൊതിഞ്ഞ പാവ് -ബാജി കിട്ട്യാൽ, അവനറിയാം, അച്ഛൻ ഇന്ന് വേറെ എന്തോ ജോലിക്ക് പോയെന്നു.
അമ്മയ്ക്ക് ദീനം അധികം ആയി തുടങ്ങി ഇരിക്കുന്നു.നഗരത്തിന്ടെ തിരക്കുകൾക്കിടയിൽ ശാന്തനായി കുട്ടി അച്ഛനെ തേടി നടന്നു.
തിരക്കിനിടയിൽ മാലിന്യ കൂമ്പാരത്തിനു അടുത്ത് വലിയ രണ്ടു കവർ വേസ്റ്റ് വലിച്ചെറിയുന്നതിനു ഇടയിൽ ആരോ പറയുന്നതു കേട്ടു ..." ഹിന്ദിക്കാരനാ, കഞ്ചാവായിരിക്കും ....ഓട വൃത്തി ആകാൻ ഇറങ്ങിയതാ ...ഠിം !! ബുദ്ധി ഇല്ലാത്ത വർഗം... ".
മാദ്ധ്യമങ്ങൾ വാര്ത്ത ആഘോഷിച്ചു, രാഷ്ട്രീയക്കാർ 'നടുക്കം' രേഖപ്പെടുത്തി ,കളക്ടർ ധനസഹായം പ്രഖ്യാപിച്ചു. കുട്ടിയും അമ്മയും മാത്രം ഒന്നും അറിഞ്ഞില്ല. അവരെ ആര്ക്കും അറിയേണ്ട കാര്യം ഇല്ലല്ലോ ...
സിഗ്നലിൽ വണ്ടി നിർത്തിയപ്പോഴാണ്, ബെൻസ്‌ കാറിലെ കുളിരിലൂടെ , പൊരി വെയിലത്ത്‌ കളിപ്പാട്ടം വില്കുന്ന കുട്ട്യെ ശിശു ക്ഷേമ വകുപ്പിലെ കൊച്ചമ്മ കാണുന്നത്. തന്റെ പുത്തൻ മൊബൈലിൽ കുട്ടിയുടെ പടം എടുത്ത് , ലൊക്കേഷൻ ടാഗ് ചെയ്തു , ചൈൽഡ് ഹെല്പ് പേജ്ൽ ഇംഗ്ലീഷിൽ നാല് വരി കുറിച്ച് ഫോട്ടോ അപ്‌ലോഡ്‌ ചെയ്തു.
ഒരാഴ്ച ബാല സദനത്തിൽ കഴിഞ്ഞ കുട്ടിയെ ഇറക്കി വിട്ടു... പാവം, ഓടി അമ്മ കിടക്കാറുള്ള സ്റ്റേഷൻ അടുത്തുള്ള യാർഡിൽ എത്തുമ്പോൾ ,അമ്മയുടെ കീറി പറഞ്ഞ കൊറേ തുണി മാത്രമേ അവൻ കണ്ടുള്ളൂ..
വീണ്ടും വേസ്റ്റ് കളയാൻ വന്ന ആരോ എന്തോ പറഞ്ഞു. അവൻ കേട്ടില്ല..
വെള്ളിയാഴ്ച അല്ലെ, ശതാബ്ധിക്കു നല്ല തിരക്ക് ...
രണ്ടു കുഞ്ഞു കാലുകൾ , പരുത്ത പാളത്തിലൂടെ ശബ്ദമില്ലാതെ ഓടുന്നുണ്ടായിരുന്നു ....