Saturday, June 9, 2018

ഉല്‍-ബാബു അഥവാ ഉല്‍പ്രേക്ഷ ബാബു

    ഉല്‍-ബാബു   അഥവാ ഉല്‍പ്രേക്ഷ ബാബു

എല്ലാ ബാബുമാരെ പോലെയും അവനും ജനിച്ചപ്പോള്‍ വെറും ബാബു ആയിരുന്നു..പിന്നെ അത് ഇ.വി ബാബു ആയി. സ്പുടമായി പറഞ്ഞാല്‍
എലികെറാ വീട്ടില്‍ ‘ബാഉ’.

സ്കൂള്‍ കലോത്സവം  തുടങ്ങിയാല്‍ പിന്നെ ബാബുവിനെ പിടിച്ചാല്‍ കിട്ടില്ല..

സ്ഥലം: ആനത്തോട് സ്കൂള്‍...എല്‍.പി/ യു.പി തലം ,കഥകളി മത്സരം….

ചെസ്റ്റ് നമ്പര്‍ : വണ്‍ തന്‍റെ പ്രകടനം കഴിഞ്ഞു  സ്റ്റേജില്‍ നിന്ന് ഇറങ്ങി ..

അന്നൌണ്ണ്‍സര്‍ പ്യൂണ്‍  കുഞ്ഞികൃഷ്ണന്‍ ചേട്ടന്‍ മൈക്ക് എടുത്തു ഓയില്‍ ഇടാത്ത ഗ്രയിന്ടര്‍ ന്‍റെ ഇംബത്തില്‍ മൊഴിഞ്ഞു…

‘നെക്സ്റ്റ് കണ്ടെസ്റ്റാന്റ്റ് ഓണ്‍ സ്റ്റേജ്….ചെസ്റ്റ്  നമ്പര്‍ ട്വൂ...’

ഒരു അനക്കവും ഇല്ല…

“ആരാ ഈ ചെസ്റ്റ്  നമ്പര്‍ ട്വൂ…? അഞ്ചാമത് വരേണ്ട  22 ഇഞ്ച്‌ നെഞ്ച്ളവുകാരന്‍ 4th B യിലെ കുഞ്ഞാപ്പുവിന് വരെ ടെന്‍ഷന്‍ ആയി..

സ്റ്റേജ്ന്‍റെ 20 മീറ്റര്‍ അകലെയുള്ള ഉള്ള  ഒരു പേര മരത്തില്‍ നിന്ന് നീല ട്രൗസറും
വെള്ള ഷര്‍ട്ടും  ഇട്ടു ഇ.വി ‘ബാഉ’ ഇറങ്ങി താഴെ നിന്നു…

ഒരു ദീര്‍ഘ ശ്വാസം എടുത്തു..

“ചെസ്റ്റ്  നമ്പര്‍ ടൂ , ഫസ്റ്റ് കാള്‍ “  കുഞ്ഞികൃഷ്ണന്‍ ചേട്ടന്‍ വീണ്ടും മോട്ടോര്‍ സ്റ്റാര്‍ട്ട്‌ ആക്കി..

അപ്പുറത്ത് 5 ബി യില്‍ , മോഹിനിയാട്ടത്തിനു ഇറങ്ങേണ്ട കൃഷ്ണവേണി ടീച്ചറുടെ മോള്‍ ആതിര .പി.കലാധരന്‍,ടെന്‍ഷന്‍ അടിച്ച് ഇരിക്കുന്നു..
ടീച്ചറുടെ മോള്‍ ആയോണ്ട് മാത്രം ക്ലാസ്സിലെ കുറച്ചു പെണ്‍കുട്ടികള്‍ ആ ടെന്‍ഷന്‍ പങ്കിട്ട് എടുക്കുന്നുമുണ്ട്.

“ചെസ്റ്റ്  നമ്പര്‍ ടൂ , സെക്കന്റ്‌കാള്‍ …   “

ബാബു ഒരു പേരയ്ക്ക നൈസ് ആയിട്ട് കടിച്ച് തുപ്പി...

പതുക്കെ കഴുത്ത് വെട്ടിച്ച് , ആ സ്റ്റേജ് നേം , പരിപാടി കാണാന്‍ വന്ന പിള്ളേരെയും,പിന്നെ ആസ് യുഷുയല്‍ ചുറ്റി കറങ്ങി നടക്കുന്ന കൂലിയും വേലയും ഇല്ലാത്ത കുറച്ചു നാട്ടുകാരെയും നോക്കി..

വിധി കര്‍ത്താക്കളില്‍ ഒരാളായ  തട്ടിന്‍പുറത്ത് ദാസപ്പേട്ടന്‍ പ്രിന്സിപ്പാളെ ഒന്ന് പാളി നോക്കി.

‘ഇനിയും വൈകിയാല്‍ ഞാന്‍ എണീറ്റ്‌ പോകും ട്ടോ...ബിവരെജ്കാര്‍ പണ്ടത്തെപ്പോലെ കോ- ഒപെരേറ്റ് ചെയ്യുന്നില്ല..’ എന്ന വ്യന്ഗ്യാര്‍ത്ഥം പ്രിന്സിപ്പല്‍ മാധവന്‍ മാഷുക്ക്  കറക്റ്റ് ആയിട്ട്‌ കിട്ടി..

“ആരാടോ...ഈ ചെസ്റ്റ്  നമ്പര്‍ ടൂ ??”

“നമ്മുടെ ഇ.വി ബാബു...”

“എന്നാ ഒന്നും നോക്കേണ്ട , നീട്ടി വിളിച്ചോ ”


“‘ചെസ്റ്റ്  നമ്പര്‍ ത്രീ ..ഫൈനല്‍ കാള്‍ …       ക്യാന്‍സെല്‍…”

ഒറ്റശ്വാസത്തില്‍  ഫസ്റ്റ് ഗിയറില്‍ കുഞ്ഞികൃഷ്ണന്‍ പറഞ്ഞ് ഒപ്പിച്ചു ..

ബാബുവിന്‍റെ ചുണ്ടില്‍ ഒരു ചിരി പ്രത്യക്ഷപ്പെട്ടു.അത് പടര്‍ന്നു പന്തലിച്ചു...

സന്തോഷത്തില്‍ കൈ അടിച്ച് തുള്ളിച്ചാടി ..

ഇതാണ് ഇ.വി. ബാബു ..എല്ലാ പരിപാടിക്കും പേര് കൊടുക്കും.
എന്നിട്ട് ഈ ഫസ്റ്റ് കാള്‍ മുതല്‍ cancelled വരെയുള്ള   ഉദ്വേഗ നിമിഷങ്ങള്‍… അതാണ് എലികേറാ വീട്ടില്‍ സന്തതിയുടെ ത്രില്‍ ..

എല്ലാവരേയും   മുള്‍മുനയില്‍ ആക്കി കൊണ്ട്‌ ‘ഈ നിമിഷവും കടന്നു പോകും' എന്ന ലോക തത്വം തന്‍റെ ചെറിയ ലോകത്തിനു മുന്നില്‍ ലൈവ് എക്സാമ്ബ്ള്‍   ആയി കാണിച്ചു ‘കൊടുക്കുക' ..ഇതിന് അത്യാവശ്യം ടീച്ചര്‍മാരുടെ കയ്യിന്ന് ‘കിട്ടാറുമുണ്ട്’.

ഈ കൊടുക്കല്‍ വാങ്ങലുകള്‍ ആനത്തോട്  സ്കൂളിന് പുത്തരിയല്ല..


സ്പോര്‍ട്ട്സ് ഡേയുടേ അന്ന് starting ലൈനില്‍ ബാബുവിനെ കാണാറില്ല..കണ്ടാല്‍ മുട്ട് ചവിട്ടി പൊട്ടിക്കും എന്ന് P.T സര്‍ -മാനുവല്‍ മാഷ്‌ പറഞ്ഞത് കൊണ്ടല്ല, ബാബുവിന് ത്രില്‍ ആണ് മുഖ്യം.

ഈ നൂറ് മീറ്ററും ,ഇരുന്നൂറ് മീറ്റര്‍ സ്പ്രിന്ടും ഒക്കെ ഓടി വരുന്ന  പിള്ളേര്‍ ഫിനിഷിംഗ് ലൈന്‍ കഴിഞ്ഞ ഉടനെ കാട്ടിക്കൂട്ടുന്ന ഓരോ വെപ്രാളങ്ങള്‍ ഉണ്ട്. അതിനിടയില്‍ വല്ല വെള്ളമോ ഗ്ലുകോസോ  കൊടുത്താലും, അവന്മാര്‍ ഒന്ന് ടേസ്റ്റ് നോക്കി വലിച്ചെറിയും….

ആ ഗ്ലുകോസ് മുഴുവന്‍ ബാബുവിന് ഉള്ളത് ആണ്..ഇ.വി. ബാബുവിന് ഉള്ളത്..


അടുത്തത്   ഇന്‍റെര്ന്നല്‍ മത്സരങ്ങള്‍ ആണ്..

…..കവിതാ രചന മത്സരം...

ബാബു പതിവ് പോലെ ഏഴാം ക്ലാസ്സിന്‍റെ പുറത്തു ഫസ്റ്റ് കാള്‍ കവിതയ്ക്ക് വിളിക്കുമോ എന്ന് നോക്കി നില്ക്കുന്നു.

ഇത്തവണ മാധവന്‍ മാഷ്‌ ചന്തിക്ക് ചൂരല്‍ വെച്ച് അടിം കൊടുത്ത് അവനെ ക്ലാസ്സില്‍ കേറ്റി.

ബാലന്‍ മാഷ് കവിതയുടെ തീം പറഞ്ഞു

‘------പൂ നിലാവ് ----’

സ്റ്റേജില്‍ നേരെ ചൊവ്വേ ഭാവം വരാത്ത കുഞ്ഞാപ്പു  കഞ്ഞിക്കുള്ള , ഛെ ..കവിതയ്ക്കുള്ള വാക്കുകള്‍ കിട്ടാതെ മുടിയും ചെവിയും ഒക്കെ പിടിച്ചു വലിക്കുന്നു..

ബാബു നിര്‍ന്നിമേഷനായി ഇരിക്കുവാണ്..

വലത്തോട്ട് ഒന്ന് നോക്കിയെങ്കിലും , പരീക്ഷാ പേപ്പര്‍ പോലെ, ആതിര.പി.കലാധരന്‍ ,കവിതാ പേപ്പര്‍ മറച്ചു പിടിച്ചു.

ബാബു ക്ലാസ്സ്‌ മുറിയുടെ ജനാലയിലൂടെ പുറത്തേക്ക് നോക്കി .

മീന്‍കാരന്‍ കാദര്‍ക്ക  അലുമിനിയം ബക്കറ്റ്‌ ചുമലില്‍ വെച്ച് എന്തോ   ഫിഷ്‌- മോളി ചേച്ചിയുടെ വീട്ടിലേക്ക് കൊണ്ട് കൊടുക്കാന്‍ പോകുന്നു.

അസ്സെംബ്ലിയില്‍  മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിക്കുന്നു.

മുഖ്യാതിഥി - പണ്ടെങ്ങോ സ്കൂളില്‍നിന്നും പുറത്താക്കിയ , ഗള്‍ഫില്‍ വെല്‍ടിംഗ്  പണി ചെയ്ത് കാശ് ഉണ്ടാക്കിയ, സ്വന്തമായി കവിതകള്‍ എഴുതി ബുക്ക്‌ ഇറക്കുന്ന, ഗള്‍ഫ്‌ മലയാളി കവിതാ ഫോറം പ്രസി: ഉന്മേഷ് മാങ്കടവ്

“ഫസ്റ്റ് പ്രൈസ് ഗോസ് ടു ….”

കുഞ്ഞാപ്പുവിന്റെ മുഖം, ആതിരേടെ അമ്മ കൃഷ്ണവേണി  ടീച്ചറുടെ മുഖം…..

എങ്ങും ആകാംഷ..ടെന്‍ഷന്‍…

“ഗോസ് ടു ...ഇ.വി.ബാബു ..5th C..”

ഈ ചെറു പ്രായത്തില്‍ ബാബു  വാക്കുകള്‍ക്കു ഇടയില്‍ ഒളിപ്പിച്ചു വെച്ച വാക്ക് കസര്‍ത്തിനെ  പറ്റി മാങ്കടവ് വാചാലനായി..

അത് താന്‍ അല്ലയോ ഇതു  (ഉല്പ്രേക്ഷാഖ്യാലം കൃതി )  എന്ന് തോന്നിപ്പിക്കുന്ന ആ കവിത ചൊല്ലാന്‍ ബാബുവിനെ  സ്റ്റേജിലേക്ക് പിടിച്ച് കൊണ്ട് വന്നു...

ബാബു പതുക്കെപ്പതുക്കെ ചൊല്ലി..

“......പൂ നിലാവ്‌………….
അച്ഛന്‍ പറഞ്ഞു  പൂ നിലാവ് …..
അമ്മ പറഞ്ഞു പൂ നിലാവ്‌…..
ചേച്ചി പറഞ്ഞു പൂ നിലാവ്‌……..
പൂച്ച പറഞ്ഞു പൂ നിലാവ്
പൂ നിലാവ്, പൂ നിലാവ്, പൂ നിലാവ്
പൂ ഹോയ് പൂ ഹോയ്  പൂ മീന്‍ നിലാവ്…”


കാദര്‍ക്ക  അന്നത്തെ മീന്‍ കളക്ഷനുമായി  സ്കൂള്‍ ഗേറ്റ് കടന്നു അപ്പുറത്തെ വീടുകളിലേക്ക് പോയി…